ഡാളസ്: ഡാളസിലെ വുഡ്രോ വിൽസൺ ഹൈസ്കൂളിന് സമീപമുള്ള പാർക്കിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പിൽ ഒരു വിദ്യാർഥി മരിച്ചു. സ്കൂളിലെ അവസാന വർഷ വിദ്യാർഥിയും ഫുട്ബോൾ ടീം അംഗവുമായ യുവാവാണ് മരിച്ചത്.
വില്ലിസ് സി വിന്റേഴ്സ് പാർക്കിലാണ് വെടിവയ്പുണ്ടായത്. വെടിവയ്പിനെത്തുടർന്ന് സ്കൂളിലെ നൂറുകണക്കിന് വിദ്യാർഥികളെ സുരക്ഷയ്ക്കായി സ്കൂളിനുള്ളിൽ തന്നെ തടഞ്ഞുവച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വുഡ്രോ വിൽസൺ സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകാൻ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കുമെന്നും ഡാളസ് ഐഎസ്ഡി അറിയിച്ചു. നിലവിൽ വിദ്യാർഥികൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും അധികൃതർ വ്യക്തമാക്കി.